ഗര്‍ഭധാരണം നീട്ടി വയ്‌ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് പലരിലും നിരവധി ആശങ്കകള്‍ ഉണ്ടാവാറുണ്ട്.ഗര്‍ഭ നിരോധന ഗുളികകളെ കുറിച്ച് തെറ്റിധാരണകള്‍ നിരവധിയാണ്. ഗര്‍ഭ നിരോധന ഗുളികകളെ കുറിച്ച് നിരന്തരം ഉണ്ടാകുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിതാ
1. ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെയും ആര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാമോ?
ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും അനുഭവിക്കുന്നില്ല എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ തന്നെ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കാവുന്നതാണ്. എന്നാല്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, തൈറോയിഡ് പ്രശ്‌നങ്ങള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ച് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത് നല്ലതാണ്. ഇതിന് പുറമെ കരള്‍ രോഗങ്ങളും രക്തം കട്ടപിടിക്കുന്നത് പോലുള്ള പ്രശ്‌നമുള്ളവരും ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തിയതിന് ശേഷമെ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കാവു. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടാതെ ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നത് ചിലപ്പോള്‍ സാഹചര്യം വഷളാക്കിയേക്കും.
–
–
2. ശരീര ഭാരം കൂടുന്നതിനോ കുറയുന്നതിനോ കാരണമാകും
ഈസ്‌ട്രൊജനും പ്രോജസ്‌റ്റെറോണും അടങ്ങിയതാണ് ഭൂരിഭാഗം ഗര്‍ഭനിരോധന ഗുളികകളും . ഈസ്‌ട്രൊജന്റെ അളവ് ഉയരുന്നത് ശരീരത്തില്‍ വെള്ളം നിലനില്‍ക്കുന്നതിനും തടിക്കുന്നതിനും കാരണമാകാറുണ്ട്. ഇതാണ് ശരീര ഭാരം കൂടുന്നതായി പറയുന്നത്. എന്നാല്‍ ഇതില്‍ നിന്നും രക്ഷ നേടുന്നതിന് സ്‌ത്രീകളെ സഹായിക്കാനായി ഇപ്പോള്‍ ഇറങ്ങുന്ന ഗുളികകളില്‍ ഈസ്‌ട്രൊജന്റെ അളവ് കുറച്ചിട്ടുണ്ട്. പൊണ്ണത്തടിപോലുള്ള ജീവിതശൈലീ രോഗങ്ങള്‍ മൂലം ചില സ്‌ത്രീകളുടെ ശരീര പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം ഉണ്ടാവാറുണ്ട്. ഗര്‍ഭ നിരോധന ഗുളികകള്‍ക്ക് ഇത്തരം പാര്‍ശ്വ ഫലങ്ങളുമുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ശരിയായ അളവില്‍ ഗുളികകള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
3. ഗര്‍ഭധാരണത്തെ ബാധിക്കും
ഗുളികകളില്‍ കാണപ്പെടുന്ന കുറഞ്ഞ അളവിലുള്ള ഹോര്‍മോണ്‍ പോലും ചഞ്ചലമായ ഹോര്‍മോണ്‍ അസന്തുലിത പൂര്‍വസ്ഥിതിയിലാക്കുകയും ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യും. കുഞ്ഞ് വേണമെന്ന് തീരുമാനം എടുത്തു കഴിഞ്ഞാല്‍ ഗുളിക കഴിക്കുന്നത് നിര്‍ത്തിയതിന് ശേഷം ഗര്‍ഭ ധാരണം ഉറപ്പാക്കുന്നതിന് രണ്ടോ മൂന്നോ മാസം കാത്തിരിക്കേണ്ടി വരും. ഗുളിക നിര്‍ത്തിയതിന് ശേഷം ഗര്‍ഭധാരണത്തിനായി ചിലര്‍ക്ക് ആറ് മാസം വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരാറുണ്ട്.
4. ദീര്‍ഘകാല ഉപയോഗം വിവിധ പാര്‍ശ്വഫലങ്ങള്‍
ഗര്‍ഭ നിരോധന ഗുളികകളുടെ പ്രധാന പാര്‍ശ്വഫലങ്ങള്‍ ശരീര ഭാരം കൂടുക, മനംപുരട്ടല്‍, തലവേദന, ഭാവമാറ്റം എന്നിവയാണ്. എന്നാല്‍ ഇതെല്ലാം താല്‍കാലികം മാത്രമാണ് ക്രമേണ മാറികൊള്ളും. ഇപ്പോള്‍ ലഭ്യമാകുന്ന ഗര്‍ഭ നിരോധന ഗുളികകളില്‍ ഹോര്‍മോണിന്റെ അളവ് വളരെ കുറവാണ് അതിനാല്‍ പാര്‍ശ്വഫലങ്ങളും കുറവായിരിക്കും. പണ്ട് ലഭ്യമായിരുന്ന ഗുളികകള്‍ക്കാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍. ഇതിന് പുറമെ ഇന്ന് പലതരത്തിലുള്ള ഗുളികകള്‍ വിപണിയില്‍ ലഭ്യമാകും. അതിനാല്‍ ദീര്‍ഘനാള്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. അളവില്‍ മാറ്റം വരുത്തുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സഹായിക്കും. സാധാരണയായി ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ച് തുടങ്ങി മൂന്ന് മാസത്തോളം എടുക്കും ഇത്തരം ലക്ഷണങ്ങള്‍ പരിഹരിക്കപ്പെടാന്‍.
–
–
5. ആര്‍ത്തവ ചക്രത്തെ ബാധിക്കും
ഗര്‍ഭ നിരോധന ഗുളികകള്‍ ആര്‍ത്തവം താമസിക്കാന്‍ കാരണമാകുമെന്നതിന് തെളിവുകള്‍ ഇല്ല . എന്നാല്‍ ഇവ ആര്‍ത്തവ ചക്രത്തെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കാം. നേരെ മറിച്ച് ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കുന്നതിലൂടെ ചിലര്‍ക്ക് ഹോര്‍മോണ്‍ നില സന്തുലിതമാക്കി ആര്‍ത്തവം ക്രമത്തിലാക്കാനും കഴിയാറുണ്ട്. ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ച് തുടങ്ങിയതിന് ശേഷം ആര്‍ത്തവ ചക്രത്തില്‍ മാറ്റം വരുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.