Friday, 24 July 2015

നെഞ്ച്എരിച്ചലും പരിഹാര മാര്ഗ്ഗങ്ങളും 


നെഞ്ചെരിച്ചിലുണ്ടാവുമ്പോഴൊക്കെ ദേവകിയമ്മയുടെ മനസില്‍ തീയാളും. അതിനു കാരണമുണ്ട്. രണ്ടു വര്‍ഷം മുമ്പ് അവരുടെ ഭര്‍ത്താവിനെ നെഞ്ചെരിച്ചിലാണെന്നും പറഞ്ഞാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞത് ഹൃദയത്തില്‍ മൂന്നു ബ്ളോക്കുണ്ടെന്നാണ്. നിന്നനേരംകൊണ്ട് ബൈപ്പാസ് സര്‍ജറിയും കഴിഞ്ഞു, ഒന്നൊന്നര ലക്ഷം രൂപയും പൊട്ടി. പിന്നെങ്ങനെ ദേവകിയമ്മയ്ക്ക് ഇരിക്കപ്പൊറുതിയുണ്ടാവും. അതുകൊണ്ട് സര്‍ജറിയെപ്പേടിച്ച് നെഞ്ചെരിച്ചിലിന്റെ കാര്യം അവര്‍ ആരോടും പറയാനും പോയില്ല.

ഇങ്ങനെ പേടിച്ച് എത്രനാള്‍ കഴിയും? മകളുടെ ഭര്‍ത്താവ് ആയുര്‍വ്വേദ ഡോക്ടറാണ്. എന്തായാലും ഹൃദയം കീറിമുറിക്കാന്‍ പറയില്ലല്ലോ. അവര്‍ ധൈര്യം സംഭരിച്ച് മരുമകനോട് കാര്യം പറഞ്ഞു. അപ്പഴല്ലേ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്. ഈ നെഞ്ചിരിച്ചിലിനു കാരണം അസിഡിറ്റിയാണത്രേ.

അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്ന രോഗമാണ് അള്‍സര്‍ എന്നുമൊക്കെ ദേവകിയമ്മയ്ക്കറിയുമോ ആവോ? എന്തായാലും ഹൃദയം സുരക്ഷിതമാണെന്നറിഞ്ഞതിലുള്ള ആശ്വാസത്തില്‍ അവര്‍ സന്തോഷിച്ചു.

നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയും തലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോ സീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളും അസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണം കഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്യവസ്ഥയുമായി ഒത്തുപോകാത്ത ആഹാരശീലംകൊണ്ട് ആമാശയം, അന്നനാളം, ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട് അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെ വിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക് അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദന അനുഭവപ്പെടുക.

ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത്
ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച് താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെ പോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട് അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്.

അമ്ളം പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാവുന്നു
നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവും അടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ് അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25 ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍ അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണം കൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും.

അമ്ളത്തിന്റെ അംശം കൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്. ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരം എടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്ന അമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരം ആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയും ചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍ തുടങ്ങുന്നു.
ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയും ഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

ക്ഷാരാംശം ലഭിക്കുന്നവ
-----------------------------
ഏത്തപ്പഴം
മുന്തിരി
ചെറി
പപ്പായ
നാരങ്ങ
പൈനാപ്പിള്‍
തക്കാളി
തണ്ണിമത്തന്‍
ഉണക്കമുന്തിരി
മുത്താറി
ഏലയ്ക്ക
ഇഞ്ചി
തേങ്ങ
കടുക്
ഉള്ളി,വെള്ളുള്ളി
മുളപ്പിച്ച പയര്‍
മത്തന്‍
വഴുതിന
കുമ്പളം
ബീറ്റ്റൂട്ട്
കൂണ്‍
കാബേജ്
കാരറ്റ്
കോളിഫ്ളവര്‍

അമ്ളാംശം ലഭിക്കുന്നവ
----------------------------
ഉരുളക്കിഴങ്ങ്
മുട്ട
ഗ്രീന്‍പീസ്
സോയാബീന്‍
ഓട്സ്
അരി
പഞ്ചസാര
പാല്‍
മാംസം
മല്‍സ്യം
എള്ളെണ്ണ
സൂര്യകാന്തി എണ്ണ
ബാര്‍ളി
ചോളം

പഴങ്ങളിലും പച്ചക്കറികളിലും അമ്ളത്തോടൊപ്പം സോഡിയം, പൊട്ടാസ്യം എന്നീ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയ്ക്കുശേഷം ഈ ലവണങ്ങള്‍ രക്തത്തിലെ ക്ഷാരാംശം വര്‍ദ്ധിപ്പിക്കുന്നു. സള്‍ഫര്‍, ഫോസ്ഫറസ്, ക്ളോറിന്‍ എന്നീ ധാതുലവണങ്ങള്‍ അമ്ളാംശം വര്‍ദ്ധിപ്പിക്കുന്നു.

അസിഡിറ്റി ഉണ്ടാവാനിടയാക്കുന്ന മറ്റു കാരണങ്ങള്‍
------------------------------------------------------------
* ആസ്പിരിന്‍, ആന്റിബയോടിക് തുടങ്ങിയ മരുന്നുകളുടെ ഉപയോഗം
* പഴകിത്തണുത്ത ആഹാരം
* രുചിയും മണവും കിട്ടുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍
* എരിവ്, പുളി, മസാല എന്നിവ അധികം ചേര്‍ത്ത ആഹാരം
* ചായ, കാപ്പി, എന്നിവയുടെ അമിത ഉപയോഗം
* മദ്യപാനവും പുകവലിയും
* സമയംതെറ്റിയുള്ള ആഹാരം
* പകലുറക്കം
* മാനസികസംഘര്‍ഷം
* വിരുദ്ധ ആഹാരം കഴിക്കുന്നത് (പാലും മീനും കോഴിയിറച്ചിയും തൈരും)

ലക്ഷണങ്ങള്‍ പലവിധം
ചില ആളുകള്‍ക്ക് അസിഡിറ്റിയുടെ പ്രശ്നം ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ഇവര്‍ ആഹാരം കരുതലോടെ കഴിക്കണം. അസിഡിറ്റിയുള്ളവരുടെ ഉള്ളില്‍ വായു കടന്നുകൂടുമ്പോഴാണ് നെഞ്ചെരിച്ചില്‍പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്. ഏമ്പക്കം, പുളിച്ചുതികട്ടല്‍ എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. കൂടാതെ വയറെരിച്ചില്‍, വയറു വീര്‍ക്കല്‍, ശ്വാസംമുട്ടല്‍, കിതപ്പ്, തലവേദന, തലപെരുപ്പ് തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. ഇടയ്ക്കിടെ കോട്ടുവായിടുന്നതും, വായില്‍ കയ്പുണ്ടാവുന്നതും തലചുറ്റലുണ്ടാവുന്നതും അസിഡിറ്റിയുടെ ഭാഗമാണ്.

അള്‍സറും അസിഡിറ്റിയും
അസിഡിറ്റിയെ ഒരു രോഗമെന്ന നിലയില്‍ ആരും പിഗണിക്കാറില്ല. താല്‍ക്കാലികാശ്വാസത്തിന് എന്തെങ്കിലും ലൊട്ടുലൊടുക്കു മരുന്നു കഴിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറ്. പക്ഷേ, ഈ രീതി അധികനാള്‍ തുടര്‍ന്നാല്‍ ഉദരാന്തരഭിത്തികളില്‍ അമ്ളം പ്രവര്‍ത്തിച്ച് മുറിവുകളുണ്ടാവും. ഇതിനെയാണ് അള്‍സര്‍ എന്നു പറയുന്നത്. ഇത് അസഹനീയമായ വേദനയുണ്ടാക്കും.

ആമാശയത്തിലാണ് വ്രണമെങ്കില്‍ വിശപ്പു തുടങ്ങുന്നതോടെ വയറുവേദന തുടങ്ങും. എന്നാല്‍ കുടലിലാണ് വ്രണമെങ്കില്‍ ആഹാരം കഴിച്ചശേഷം ദഹനപ്രക്രിയ ആരംഭിക്കുന്നതോടെയാണ് വേദന തുടങ്ങുക. ഇവര്‍ക്ക് ഛര്‍ദ്ദിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടും.

വിശപ്പും അള്‍സറും തമ്മിലുള്ള ബന്ധമുണ്ടെന്ന് പലരും അനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ടാവും. വിശക്കുമ്പോള്‍ ആഹാരത്തെ ദഹിപ്പിക്കാനുള്ള ദഹനരസം ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുകയും എന്നാല്‍ അതേസമയത്ത് ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ രാസദ്രവം ആമാശയത്തില്‍ പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാക്കുന്നു.

പ്രതിവിധി
അള്‍സറുള്ളവരോട് ഡോക്ടര്‍മാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്-'അവോയിഡ് ഹറി, കറി, വറി.' എന്നുവച്ചാല്‍ ചൂടുള്ളതും എരിവുള്ളതുമായ ആഹാരം കഴിക്കരുത്. അതുപോലെ സംഘര്‍ഷങ്ങളും പാടില്ല. തിടുക്കമുള്ളവരാണ് ആഹാരം തണുക്കാന്‍ കാത്തുനില്‍ക്കാതെ ചൂടോടെ കഴിക്കുന്നത്. അതുകൊണ്ടാണ് അവോയിഡ് ഹറി എന്നു പറയാന്‍ കാരണം. അള്‍സറിന്റെ ആരംഭമാണെന്നു കണ്ടെത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ആറിയ പാല്‍ കുടിക്കാനും നിര്‍ദ്ദേശിക്കാറുണ്ട്. ദ്രവിച്ചു തുളവീണ ഭാഗം താല്‍ക്കാലികമായി അടയ്ക്കാന്‍ പാലിലെ കൊഴുപ്പിനു കഴിയും.

അള്‍സര്‍ ഗുരുതരമാവുമ്പോള്‍ സര്‍ജറിയിലൂടെ ദ്രവിച്ച ഭാഗം നീക്കം ചെയ്ത് പകരം കൃത്രിമ അവയവഭാഗം തുന്നിച്ചേര്‍ക്കുകയാണ് പ്രതിവിധി. കുടലിലാണ് വ്രണമെങ്കില്‍ പകരം പ്ളാസ്റിക് കുടല്‍ ഘടിപ്പിക്കുന്നു. മരുന്നുകള്‍ക്കൊണ്ട് അള്‍സറിനെ തടുക്കുക അത്ര എളുപ്പമല്ല. അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ് ഏറ്റവും നല്ല ചികില്‍സ.

നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെ ലക്ഷണമെന്നതുപോലെ ഹൃദയസ്തംഭനത്തിന്റെയും ലക്ഷണമാണ്. ഇത് ആശങ്കയും ഒപ്പം ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ കൂടുമ്പോള്‍ വേദനയായി അനുഭവപ്പെടുകയും അത് ഇടതുകൈയിലേക്കു വ്യാപിക്കുകയും ചെയ്യുമ്പോഴാണ് അറ്റാക്കിന്റെ ലക്ഷണമാവുന്നത്. ചുരുക്കത്തില്‍ രണ്ടു ലക്ഷണങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ തിരിച്ചറിയാനും വിഷമമാണ്

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...