പ്രായമേറുന്തോറും മുടിക്ക് കറുപ്പ് നിറമേകുന്ന വര്‍ണ്ണവസ്തുവായ മെലാനിന്‍റെ അളവ് കുറയും. ഇതാണ് പ്രായമേറുന്നവരില്‍ മുടി നരയ്ക്കാന്‍ കാരണമാകുന്നത്. ഇത് തടയാന്‍ കഴിയില്ല.
എന്നാല്‍ ടെന്‍ഷനുകള്‍ നിറഞ്ഞ ഇന്നത്തെ ലോകത്ത് ചെറുപ്പക്കാരെ മാനസികമായി തളര്‍ത്തുന്ന ഒരു കാര്യമായി മാറിയിരിക്കുകയാണ് അകാലനര. അകാലനര വരുന്നതിനെ തടയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മുന്‍കരുതലുകള്‍ ഇതാ,
* നെല്ലിക്കയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ തലമുടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുകയും അല്‍പസമയത്തിനുശേഷം കഴുകിക്കളയുകയും ചെയ്യുക.
* ചെറുതായി അരിഞ്ഞെടുത്ത നെല്ലിക്ക ഒരു സ്പൂണ്‍ തേനില്‍ മിക്സ് ചെയ്ത് പതിവായി കഴിക്കുക.
* വെളിച്ചെണ്ണയും നാരങ്ങാനീരും ചേര്‍ത്തെടുത്ത മിശ്രിതം തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക.
* കറിവേപ്പില ഇട്ട് ചൂടാക്കിയ വെളിച്ചെണ്ണ അകാലനര തടയാന്‍ സഹായിക്കും . മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്ന വര്‍ണ്ണവസ്തു കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.
* മുടി കഴുകാനായി വീര്യം കുറഞ്ഞ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* അര കപ്പ് തൈരില്‍ ഒരു ഗ്രാം കുരുമുളക് ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് അകാലനര വരുന്നത് തടയാന്‍ ഉത്തമമാണ്. ഈ മിശ്രിതത്തിലേക്ക് നാരങ്ങാനീര് കൂടി ചേര്‍ത്താല്‍ ഫലമേറും.
* നെല്ലിക്കാ പേസ്റ്റ് അല്ലെങ്കില്‍ നെല്ലിക്കയിട്ട് ചൂടാക്കിയ എണ്ണ തലമുടിയില്‍ തേച്ചുപിടിപ്പിക്കുന്നത് അകാലനര തടയാന്‍ ഉത്തമമാണ്.
* നാരങ്ങാനീര് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് അകാലനരയെ തടയും. പ്രകൃതിദത്തമായ ഒരു കളറിംഗ് ഏജന്‍റാണ് ഇത്.
* നെല്ലിക്കാനീര് , ബദാം ഓയില്‍ , നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മസാജ് ചെയ്യുന്നത് അകാലനരയെ പ്രതിരോധിക്കും.
* കറ്റാര്‍വാഴ നീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.
* ഫോളിക് ആസിഡ് അടങ്ങിയ പച്ചക്കറികള്‍ ഭക്ഷണക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
* വേപ്പെണ്ണയും അകാലനരയെ പ്രതിരോധിക്കാന്‍ സഹായിക്കും.
നിങ്ങളുടെ ആഹാരക്രമവും ജീവിതരീതിയും മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതില്‍ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. ഇരുമ്പ്, വിറ്റമിന്‍ എ, വിറ്റമിന്‍ ബി , മിനറല്‍സ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സിങ്ക്, കോപ്പര്‍ എന്നീ ഘടകങ്ങള്‍ മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. അതിനാല്‍ പച്ചനിറത്തിലുള്ള പച്ചക്കറികള്‍ , മഞ്ഞ നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ , കോളിഫ്ലവര്‍ , വാഴപ്പഴം , തക്കാളി, ധാന്യം , ലിവര്‍ മുതലായവ കഴിക്കണം. കോപ്പറിന്‍റെ അംശം അടങ്ങിയ ബദാം , ഞണ്ട്, ചെമ്മീന്‍ , മുട്ടയുടെ മഞ്ഞ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. അയഡിനാല്‍ സമ്പുഷ്ടമായ വാഴപ്പഴം , കാരറ്റ് , മത്സ്യം മുതലായവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കണം. ആന്‍റി ഓക്സിഡന്‍റ്സ് അടങ്ങിയ ഭക്ഷണവും അകാലനരയെ പ്രതിരോധിക്കും. എണ്ണയില്‍ വറത്തെടുക്കുന്നതും എരിവേറിയതുമായ ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. ചായ, കോഫി, ആല്‍ക്കഹോള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. വിറ്റമിന്‍ ബി 12 , വിറ്റമിന്‍ ബി 5 എന്നിവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയും ഒപ്പം വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.
ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഹെയര്‍ കളര്‍ , ജെല്‍ ,തുടങ്ങിയവ മുടിയില്‍ ഉപയോഗിക്കാതിരിക്കുക. പതിവായി തലമുടി കഴുകി വൃത്തിയായി സൂക്ഷിക്കുക. ശുദ്ധമായതും തണുത്തതുമായ വെള്ളം ഉപയോഗിച്ച് മാത്രം തലമുടി കഴുകുക. എന്നാല്‍ ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകരുത്. ചില രോഗങ്ങളും അകാലനരയ്ക്ക് കാരണമാകാറുണ്ട് എന്നതിനാല്‍ അത്തരം രോഗങ്ങള്‍ വന്ന ശേഷം പ്രത്യേക ചികിത്സയും ശ്രദ്ധയും മുടിക്ക് നല്‍കേണ്ടത് ആവശ്യമാണ്. ദിവസവും കൃത്യസമയത്ത് ഉറങ്ങിയും ഉറക്കമുണര്‍ന്നും ശീലിക്കണം. ഉറക്കം മതിയാവാതെ വരുമ്പോള്‍ അത് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കും. മുടിയുടെയും ശരീരത്തിന്‍റെയും ആരോഗ്യത്തെയും സൌന്ദര്യത്തെയും വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് ഉറക്കം.
Sunday, 5 July 2015
03:41
0 comments:
Post a Comment