തലവേദനയുടെ കാരണങ്ങളും പ്രതിവിധികളും. മനസിനും ശരീരത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാക്കാര്യങ്ങളേയും സൂചിപ്പിക്കാന്‍ വിശാല അര്‍ത്ഥത്തിലാണ് നമ്മള്‍ 'തലവേദന' എന്ന വാക്ക് സാധാരണ പ്രയോഗിക്കുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാല്‍ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു പ്രശ്‌നമാണ് 'തലവേദന'. ലഘുവായ മരുന്നുകളോ ലേപനങ്ങളോ ഉപയോഗിച്ച് സാധാരണ തലവേദനയില്‍നിന്ന് ആശ്വാസം നേടാമെങ്കിലും ചിലര്‍ക്ക് തലവേദന ഒരു 'തലവേദന'തന്നെ ആയിതീരാറുണ്ട്.
കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് തലവേദനയ്‌ക്കുള്ള പ്രധാനകാരണം. ചെവി, മൂക്ക് തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ഉള്ളവരിലും തലവേദന ഉണ്ടാകുന്നു. ചിലരില്‍ സൈനസൈറ്റിസ് മൂലം തലവേദന ഉണ്ടാകുന്നു. അലര്‍ജിയാണു തലവേദനയുടെ മറ്റൊരു കാരണം. പൊടി മൂലമുള്ള അലര്‍ജി, രൂക്ഷ ഗന്ധങ്ങള്‍ മൂലം ഉണ്ടാകുന്ന അലര്‍ജി ഇവയൊക്കെ നിനച്ചിരിക്കാതെയുണ്ടാകുന്ന തലവേദനയ്‌ക്ക് കാരണങ്ങളാണ്. ഇവ കൂടാതെ, ഉയര്‍ന്ന രക്‌തസമ്മര്‍ദം, താഴ്‌ന്ന രക്‌തസമ്മര്‍ദം, വിളര്‍ച്ച, മാനസിക സമ്മര്‍ദം, അമിത ജോലിഭാരം ഇവയൊക്കെ തലവേദനയ്‌ക്കു കാരണങ്ങളാണ്.
കാരണങ്ങളുടേയും ലക്ഷണങ്ങളുടേയും അടിസ്‌ഥാനത്തില്‍ തലവേദനകളെ പ്രാഥമികമെന്നും ഗുരുതരമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു രോഗാവസ്‌ഥയില്‍നിന്ന് ഉടലെടുക്കുന്നതല്ലാത്ത എല്ലാത്തരം തലവേദനകളും പ്രാഥമിക വിഭാഗത്തില്‍ വരും. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുണ്ടാവുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളിലൊന്നായി ഉണ്ടാകുന്ന തരം തലവേദനയാണു ഗുരുതരമായ തലവേദന (സെക്കന്ററി വിഭാഗം) ബ്രെയിന്‍ ട്യൂമര്‍, മസ്‌തിഷ്‌ക രക്‌തസ്രാവം, ദന്തരോഗങ്ങള്‍ തുടങ്ങി ശരീരത്തില്‍ ഉണ്ടാകുന്ന മറ്റ് അസുഖങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തലവേദനകളെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്.
തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന ആവരണങ്ങളിലേതിന്റെയെങ്കിലും ഇടയില്‍ ഉണ്ടാകാവുന്ന രക്‌തസ്രാവം, തലച്ചോറിനുള്ളിലെ രക്‌തക്കുഴലുകളിലേതിന്റെയെങ്കിലും പൊട്ടല്‍, സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തിന്റെ ചോര്‍ച്ച, തലച്ചോറിനുള്ളിലെ ട്യൂമര്‍, തലച്ചോറിനുള്ളില്‍ രക്‌തം കട്ടപിടിക്കുന്നത്, വളരെ ഉയര്‍ന്ന രക്‌തസമ്മര്‍ദം, പിറ്റ്യൂട്ടറി ഗ്രന്ഥിക്കുള്ളിലെ രക്‌തസ്രാവം, മെനിഞ്ചൈറ്റിസ്, എന്‍സെഫലൈറ്റീസ് തുടങ്ങിയ തലച്ചോറിലെ അണുബാധകള്‍ എന്നിവയാണ് ഗുരുതരമായ തലവേദനയ്‌ക്കു കാരണമാവുന്നത്. സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, ലംബാര്‍ പങ്‌ചര്‍ (നട്ടെല്ലിനുള്ളിലെ ദ്രാവകമെടുത്തുള്ള പരിശോധന) എന്നീ പരിശോധനകളിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതാണ് ചികിത്സാവിധി.
മാനസിക പിരിമുറുക്കംമൂലമുള്ള തലവേദന
അമിതമായ ഉത്‌കണ്‌ഠ, പിരിമുറുക്കം എന്നിവയാണ് ഇത്തരത്തിലുള്ള തലവേദനയ്‌ക്ക് പ്രധാന കാരണങ്ങള്‍. തലയോട്ടിക്കു പുറത്തും മുഖത്തും കഴുത്തിലുമുള്ള പേശികളുടെ സങ്കോചംമൂലമാണ് ഇവിടെ തലവേദന ഉണ്ടാകുന്നത്. പ്രായഭേദമൊന്നും ഇല്ലാതെ എല്ലാവരിലും ഒരുപോലെ അനുഭവപ്പെടും. തലവേദനയോടനുബന്ധിച്ച് മറ്റ് രോഗ ലക്ഷണങ്ങളൊന്നും സാധാരണ കാണാറില്ല.
മൈഗ്രേന്‍
പ്രൈമറി വിഭാഗത്തില്‍പ്പെട്ട തലവേദനകളില്‍ രണ്ടാംസ്‌ഥാനത്താണ് മൈഗ്രേന്‍. തലവേദനക്കാരായ സ്‌ത്രീകളില്‍ പതിനഞ്ചു ശതമാനത്തിനും പുരുഷന്മാരില്‍ ആറുശതമാനത്തിനും മൈഗ്രേന്‍ ഉണ്ടെന്നാണു കണക്ക്. തലയോട്ടിക്കുള്ളിലെ രക്‌തക്കുഴലുകളുടെ സങ്കോചവും തലയോട്ടിക്കു പുറത്തെ രക്‌തക്കുഴലുകളുടെ വികാസവും മൂലമുണ്ടാകുന്ന വേദനയായതിനാല്‍ ഇതിനെ വാസ്‌ക്കുലര്‍ ഹെഡ് ഏയ്‌ക്ക് എന്നും പറയുന്നു.
ബ്രെയിന്‍ സ്‌റ്റെം, തലാമസ് എന്നീ ഭാഗങ്ങളുടെ തകരാറുമൂലമാണ് മൈഗ്രേന്‍ ഉണ്ടാവുന്നത്. വേദന നാലുമണിക്കൂര്‍ മുതല്‍ മൂന്നു ദിവസംവരെ നീണ്ടുനില്‍ക്കാം. മാസത്തില്‍ ഒന്നു മുതല്‍ നാലു തവണ വരെ തലവേദന വരാം. വേദന തലയുടെ ഒരു വശത്താണ് സാധാരണ ഉണ്ടാവുക. തലവേദനയോടൊപ്പം ഓക്കാനം, ഛര്‍ദി എന്നിവ ഉണ്ടാവാം. ഇത് ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. പ്രകാശം, ശബ്‌ദം എന്നിവയുടെ സാന്നിധ്യം മൈഗ്രേന്‍ ഉള്ളവര്‍ക്ക് അസ്വാസ്‌ഥ്യം ഉണ്ടാക്കുന്നു. ആര്‍ത്തവം, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, ക്ഷീണം, അമിതമായ ഉറക്കം, അന്തരീക്ഷമര്‍ദത്തിലെ വ്യതിയാനങ്ങള്‍, മദ്യം, ചിലതരം ചോക്കലേറ്റുകളുടെ ഉപയോഗം എന്നിവ ഇത്തരം തലവേദനയുടെ ആക്കംകൂട്ടുന്നു.
0 comments:
Post a Comment